For All Elephant Lovers....

Sunday, February 28, 2010

വരുന്നു, പൂരങ്ങള്‍



തൃശ്ശൂരില്‍നിന്നു തുടങ്ങി കോഴിക്കോട്ടെത്തുംമുമ്പ് പാലക്കാട്, മലപ്പുറം വഴിവേനലിനൊപ്പം വിരിഞ്ഞിറങ്ങുകയായി പൂരക്കാലം. പൊയ്ക്കുതിരകള്‍, തലപ്പൊക്കമുള്ള ആനകള്‍, വെടിക്കെട്ടുകള്‍... വയലുകളിലും കാവുകളിലും കുന്നിന്‍ചെരുവുകളിലും പൂരമെത്തുന്നു.

കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലും ചെറുകാവുകളിലും പൂരങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞു. തെളിഞ്ഞ പകലും മഞ്ഞുവീഴുന്ന രാത്രിയുമായി വന്ന മകരത്തില്‍ തുടങ്ങി കൊടുംചൂടിന്റെ കുംഭത്തിലൂടെ മീനത്തിലേക്ക് കടക്കുന്ന മധ്യകേരളത്തിന്റെ പൂരക്കാലം.നാടിന് പുതിയൊരു താളവും ഭാവവും ഓരോ ഗ്രാമത്തിനുമെന്നപോലെ ഓരോ പൂരത്തിനും വേറിട്ട ഛായ, തറക്കാര്‍ക്കു പറയാന്‍ വലിയ കേമത്തങ്ങള്‍.ഇനി ഏതു നാട്ടുവഴിയിലും കേള്‍ക്കാം പട്ടയേറ്റിവരുന്ന കൊമ്പന്റെ ചങ്ങലക്കിലുക്കം. ഉച്ചമയക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ത്തുന്ന ചെറുവെടിക്കെട്ടുകള്‍ മുതല്‍ രാത്രിയെ ഭേദിക്കുന്ന ഇടിമുഴക്കങ്ങള്‍ വരെ. അരങ്ങേറ്റക്കാരും പ്രമാണിമാരും അണിനിരക്കുന്ന മേളങ്ങള്‍. കൊടിയേറ്റം കഴിഞ്ഞ ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ പകിട്ട്. ഉത്സവക്കമ്മിറ്റിക്കാരുടെ ചെറുസംഘങ്ങള്‍, കുലവാഴകള്‍ നാട്ടിയ നടപ്പന്തലുകള്‍.പുറത്തെന്നപോലെ അകത്തുമുണ്ട് ഒരുക്കങ്ങള്‍. വെളിച്ചെണ്ണയില്‍ ചൂടാവുന്ന പൂരപ്പലഹാരങ്ങള്‍. മാമ്പഴപ്പുളിശ്ശേരിയിലും ചക്ക എരിശ്ശേരിയിലും കടുകു വറക്കുന്ന മണം. അറിയിക്കാതെ വരുന്ന വിരുന്നുകാരന് വിളമ്പാന്‍ പാകത്തിനു കടുമാങ്ങയും പുളിയിഞ്ചിയും. ചക്കയും മാങ്ങയും നെല്ലിക്കയും നല്കി പ്രകൃതിയും പൂരക്കാലത്ത് കലവറ നിറയ്ക്കുന്നു.കന്നിമാസത്തിലെ തിരുവില്വാമല നിറമാലയിലാണ് ഒരു വര്‍ഷത്തെ ഉത്സവകാലത്തിനു നാന്ദി കുറിക്കുന്നത്. മേളക്കാരുടെയും ആനകളുടെയും ഒരുക്കവും ഇവിടെ തുടങ്ങുന്നു. എന്നാല്‍, അനേകം വേലകളും ഉത്സവങ്ങളും ഏകാദശിയും തൈപ്പൂയ്യങ്ങളും കഴിഞ്ഞ് മാസങ്ങള്‍ കടന്നാണ് പൂരക്കാലമെത്തിയത്. പാര്‍ക്കാടി പൂരവും ചെമ്പൂത്ര വേലയും ചീരംകുളം പൂരവും നാല്പതിലധികം ആനകളെ നിരത്തി.
തലയെടുപ്പുള്ള ആനകളും മേളക്കാരും ഒന്നിക്കുന്ന തൃശ്ശൂര്‍പൂരം...പഞ്ചവാദ്യം എന്ന മഹാ ഓര്‍ക്കസ്ട്രയുടെ മധുരവുമായി മഠത്തില്‍ വരവ്, പാണ്ടിമേളത്തിന്റെ ഇലഞ്ഞിത്തറമേളം...
മച്ചാട് മാമാങ്കം കഴിഞ്ഞ് ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം ഫിബ്രവരി 28നാണ്. പൂരങ്ങളുടെ വള്ളുവനാടന്‍ ഭംഗി ഇവിടെ തുടങ്ങുന്നു. ആനകളല്ല, പൊയ്ക്കുതിരകളാണ് ഇവിടെ കാഴ്ച. ചെളി കുഴഞ്ഞ പാടത്ത് ദേശക്കാര്‍ വലിയ കുതിരകളെയും കൊണ്ട് ഓടുന്നതു കാണാം. ചെനക്കത്തൂരില്‍ ദേശക്കാര്‍ കുതിരകളെ എറിഞ്ഞുപിടിക്കുകയാണ്. അനുഷ്ഠാനങ്ങള്‍ തികവോടെ കാണുന്നതാണ് ഇവിടത്തെ സമ്പ്രദായങ്ങള്‍. ഉത്സാഹവും വാശിയുമാണ് ഈ ആഘോഷങ്ങളുടെ മുഖമുദ്ര.പാലക്കാടിനോടും തൃശ്ശൂരിനോടും ഉരുമ്മിക്കിടക്കുമ്പോഴും അവയില്‍നിന്നു മാറിനില്ക്കുന്ന ഭാഷ, ആചാരങ്ങള്‍ എല്ലാം വള്ളുവനാടന്‍ ഭംഗിക്ക് കോപ്പുകൂട്ടുന്നു. ''ആനയോളം പോന്നതാണ് ഈ കുതിരകള്‍'' എന്ന് തിരുവാണിക്കാവിലും ചെനക്കത്തൂരിലും പറയുന്നതു കേള്‍ക്കാം. 'ആനപ്പൂരത്തേക്കാള്‍ ഒട്ടും കുറവല്ല കുതിരപ്പൂര'ങ്ങളെന്നു ധ്വനി.വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ തുടങ്ങുന്നു മേളത്തിന്റെ ചാകര. പൂരം ദേശത്തിന്റെ കൂട്ടായ്മയാണ് എന്ന കാഴ്ചപ്പാടിന് ഉത്രാളിയോളം മികച്ച തെളിവില്ല. എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂര്‍ വിഭാഗങ്ങള്‍ മത്സരഭാവത്തോടെ പൂരത്തിന് പൊലിമ കൂട്ടുന്നു. പഞ്ചവാദ്യം കേള്‍ക്കാന്‍ ദേശങ്ങള്‍ കടന്നും ഇവിടേക്ക് ജനമെത്തും. രാത്രിയിലെ വെടിക്കെട്ടിന് എത്തുന്നതു മറ്റൊരു കൂട്ടര്‍. നീണ്ട നടവഴിയുടെ അറ്റത്തെ അമ്പലവും ആല്‍മരവും മതിവരാക്കാഴ്ച. മാര്‍ച്ച് രണ്ടിനാണ് ഉത്രാളിപ്പൂരം.കൊടിയേറ്റം കഴിഞ്ഞ് പൂരം എന്ന പതിവു കണ്ടവര്‍ അല്പം അമ്പരക്കും പെരിന്തല്‍മണ്ണയിലെ തിരുമാന്ധാംകുന്നിലെത്തുമ്പോള്‍. പൂരം തുടങ്ങി മൂന്നാം ദിവസമാണ് ഇവിടെ കൊടിയേറ്റം. 10 ദിവസം എഴുന്നള്ളിപ്പ്. രാജഭരണത്തിന്റെ പ്രൗഢിയാണ് ഈ പൂരത്തിന്റെ പകിട്ടിനു പിന്നില്‍. രാജാവിന്റെ എഴുന്നള്ളിപ്പും വേട്ടയും അതിന്റെ മുദ്രകളത്രെ. മാര്‍ച്ച് 23നാണ് തുടക്കം. വയലുകളിലും നടവഴികളിലും എഴുന്നള്ളിപ്പ് എന്ന പതിവും ഇവിടെ തിരുത്തുകയാണ്. തിരുമാന്ധാംകുന്നിന്റെ താഴത്തെ അമ്പലത്തില്‍നിന്നു മുകളിലേക്കാണ് പൂരത്തിന്റെ പുറപ്പാട്.ഉത്രാളിക്കാവിലെ പൂരക്കമ്പക്കാര്‍ പിന്നീട് വരുന്നത് മാര്‍ച്ച് 25ന് മേളക്കമ്പക്കാരുടെ തട്ടകമായ പെരുവനത്താണ്. പഞ്ചാരിമേളം പിറവിയെടുത്തുവെന്ന് വിശ്വസിക്കുന്ന പെരുവനം ഗ്രാമം. മറ്റു പലയിടത്തും കാണുന്നതുപോലെ വിസ്തൃതമായ പാടത്തല്ല ഇവിടെ പൂരം. കിഴക്കേ നടയിലെ ഇടുങ്ങിയ വഴിയിലെ ഇറക്കത്താണ്. കന്മതിലില്‍ വയറുരുമ്മി വേണം ആനകള്‍ക്കു നിരന്നുനില്ക്കാന്‍. തീവെട്ടികളുടെ വെളിച്ചത്തില്‍ ആനയും ആളും മേളക്കാരും കൂട്ടംകൂടി നില്ക്കണം. വിവിധ ദേശപ്പൂരങ്ങള്‍ ഊഴം മാറിനിരക്കുന്നു. എഴുന്നള്ളിപ്പിനില്ലാത്ത ആനകള്‍ വിശാലമായ അമ്പലപ്പറമ്പിലെ ആല്‍ച്ചുവട്ടില്‍ വിശ്രമിക്കുന്നുണ്ടാവും. അവിടെയും കാണാം ആനക്കമ്പക്കരുടെ കൂട്ടം.പഞ്ചാരിയും പാണ്ടിയും തികവോടെ കേള്‍ക്കണമെന്നുള്ളവര്‍ പെരുവനത്ത് പുലര്‍ച്ചെവരെ നില്ക്കും. ഇടുങ്ങിയ വഴിയില്‍ മേളത്തിനു മുഴക്കംകൂടും. 'ചെമ്പുകുടത്തില്‍ പടക്കം പൊട്ടിക്കുംപോലെ' എന്നാണ് പഴമക്കാര്‍ പറയുക. മേളപ്രമാണിമാരുടെ വീട്ടുമുറ്റത്താണ് കൊട്ടുന്നതെന്ന് എല്ലാവര്‍ക്കും ഓര്‍മകാണും. കാരണം, വീട്ടിലിരിക്കുന്ന സ്ത്രീകള്‍പോലും കണ്ടെത്തും കോലിന്റെ ഇടര്‍ച്ചകള്‍. അതുകൊണ്ടുതന്നെ, തഴക്കംവന്ന കൊട്ടുകാര്‍പോലും അധികം പരീക്ഷണത്തിനൊന്നും മുതിരില്ല.മേളത്തിന്റെ കേമത്തം ഒട്ടും കുറയാതെ പൂരം കുറെക്കൂടി വിശാലമാവുകയാണ് മൂന്നു ദിവസം കഴിഞ്ഞ് 28ന് ആറാട്ടുപുഴയില്‍. 'മുപ്പത്തിമുക്കോടി ദേവതകളെത്തുന്ന' ഭൂമിയിലെ ദേവമേളയാണ് ആറാട്ടുപുഴ പൂരം. 23 ദേവീദേവന്മാരാണ് ഈ പൂരത്തിന്റെ പങ്കാളികള്‍. 35 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍നിന്നുപോലും ഇവിടെ എത്തുന്ന പങ്കാളിയുണ്ടെന്നു പറയുമ്പോള്‍ മനസ്സിലാക്കാം ആറാട്ടുപുഴയുടെ പാരമ്പര്യം. ഇവിടെ പുലര്‍ച്ചെയുള്ള കൂട്ടിയെഴുന്നള്ളിപ്പാണ് ഭൂമിയിലെ ഏറ്റവും മികച്ച പൂരക്കാഴ്ച. നനുത്ത വെളിച്ചവും തണുപ്പും പരന്ന പാടത്തിനു കുറുകെ തൊട്ടുരുമ്മിനില്ക്കുന്ന എഴുപതോളം ആനകള്‍. മുന്നില്‍ പാണ്ടിമേളം. അവിസ്മരണീയമാണ് ഈ മുഹൂര്‍ത്തം.ക്ഷേത്രത്തിന്റെ പ്രതാപമല്ല, വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചാരുതയാണ് ആറാട്ടുപുഴ പൂരത്തെ വേറിട്ടുനിര്‍ത്തുന്നത്. പള്ളിയോടത്തില്‍ പുഴകടന്നെത്തുന്ന തൃപ്രയാര്‍ തേവര്‍ ഇവിടെ അധ്യക്ഷനാണ്. പൂരം പിരിയുമ്പോള്‍ ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടംവരെ കൂടെച്ചെന്ന് യാത്രയാക്കും. തലേ രാത്രിയിലെ തറയ്ക്കല്‍ പൂരവും സമൃദ്ധമായ മേള വിരുന്നാണ്.പൂരം വീണ്ടും പാലക്കാട്ടേക്ക്. അവിടെ നെന്മാറ-വല്ലങ്ങി വേല ഏപ്രില്‍ മൂന്നിന്. വെടിക്കെട്ടിന്റെ അവസാനവാക്കെന്ന് പ്രസിദ്ധം. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് കരിമരുന്നുപ്രയോഗത്തിന്റെ രൗദ്രഭാവം കാണാനെത്തുന്നവരുടെ തിരക്ക്. ''വേല കഴിഞ്ഞുവന്നാല്‍ കാതുകേള്‍ക്കില്ലെന്ന്'' പറഞ്ഞ് അഭിമാനം കൊള്ളുന്നവര്‍. തലപ്പൊക്കമുള്ള ആനകള്‍ക്കുവേണ്ടിയും നെന്മാറ, വല്ലങ്ങി ദേശക്കാര്‍ പൊരിഞ്ഞ മത്സരത്തിലാവും. നാട്ടിലെങ്ങും ഫ്‌ളക്‌സ്‌ബോര്‍ഡുകളില്‍ ഗജവീരന്മാരുടെ അഴകളവുകള്‍. ആന ഫാന്‍സുകാരുടെ വകയാണത്. ഏക്കത്തുക കൂടുംതോറും തങ്ങളുടെ 'താര'ങ്ങള്‍ക്ക് പ്രൗഢി കൂടുന്നുവെന്ന് വിശ്വസിക്കുന്നവര്‍.ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങിയ പൂരം ഇനി നഗരമധ്യത്തില്‍ സര്‍വപ്രതാപത്തോടെ അരങ്ങേറുകയാണ്. ഏപ്രില്‍ 24നും 25നും തൃശ്ശൂര്‍ പൂരം. തലയെടുപ്പുള്ള ആനകളും മേളക്കാരും അതിന്റെ എണ്ണത്തിലും തികവിലും ഒന്നിക്കുന്ന ഒന്നര ദിവസത്തെ പൂരം. പാറമേക്കാവും തിരുവമ്പാടിയും പ്രധാന പങ്കാളികള്‍, എട്ടു പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ കൂടെയും. പഞ്ചവാദ്യം എന്ന 'മഹാ ഓര്‍ക്കസ്ട്ര'യുടെ മധുരവുമായി മഠത്തില്‍ വരവ്, പാണ്ടിമേളത്തിന്റെ ഇലഞ്ഞിത്തറമേളം...കടുത്ത ചൂടും പൊടിയും കൂസാതെ ജനസാഗരം മേളത്തിനുചുറ്റും നുരയുന്നത് ഇവിടത്തെ വിശേഷ കാഴ്ച. തലയാട്ടിയും കൈകള്‍ ഉയര്‍ത്തി വിരലില്‍ താളം പിടിച്ചും അവര്‍ പകല്‍ മുഴുവന്‍ പൂരപ്പറമ്പിലുണ്ടാവും.ഉച്ചകഴിഞ്ഞ് പൂരം വടക്കുന്നാഥന്റെ തെക്കേ ഗോപുരവാതില്‍ കടന്ന് ഇറങ്ങുമ്പോള്‍ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖം നിലെ്ക്ക, ഇവര്‍ക്കു മധ്യേ 'ആള്‍പ്പൂരം'. ആനകള്‍ക്കു മേലെ പട്ടുകുടകളുടെ നിറച്ചാര്‍ത്ത് സന്ധ്യയിലേക്ക് തുടരും.അകത്തുനിന്നും പുറത്തുനിന്നും കാണാം തൃശ്ശൂര്‍ പൂരം. പുറത്തുനിന്ന് നോക്കുമ്പോള്‍ കടലുപോലെ ഇളകിമറിയുന്നത് അറിയാം. പല നാട്ടുകാര്‍, പല തരക്കാര്‍. അവര്‍ക്കിടയില്‍ ശബ്ദത്തിന്റെ, നിറങ്ങളുടെ തിരയിളക്കം. അകത്തേക്കിറങ്ങുമ്പോള്‍ എല്ലാം ലയിച്ച് ഒന്നായതുപോലെ ഒരേ ചലനം. അവിടെ കൊമ്പന്മാര്‍ക്കുമുന്നില്‍ സ്വയം മറന്നുനില്ക്കാനും വെടിക്കെട്ട് പടര്‍ന്നു കത്തുമ്പോള്‍ വലയം ചെയ്തുനില്ക്കാനും പേടിയില്ല. ഒരേ താളത്തില്‍ കോര്‍ത്ത ആവേശമാണ് പൂരപ്പറമ്പിലെ ജീവിതം. തൃശ്ശൂര്‍ പൂരത്തിനൊപ്പംതന്നെ ഇത്തവണ കാളി-ദാരികവധത്തിന്റെ കഥയുമായി കാട്ടകാമ്പാല്‍ പൂരവും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തില്‍ 25 മുതല്‍ 12 ദിവസമാണ് ഉത്സവം. തിരുവില്വാമല പറക്കുട്ടിക്കാവ് വേല മെയ് അഞ്ചിന്. എടവത്തില്‍ (മെയ് 24ന്) കണ്ണമ്പ്ര വേലയോടെ ഇക്കൊലത്തെ പ്രധാന ഉത്സവങ്ങള്‍ക്കു കൊടിയിറങ്ങുകയായി. അപ്പോഴേക്കും മഴയെത്തും. പിന്നെ, പൊടി ഉയര്‍ന്ന പൂരപ്പറമ്പുകളില്‍ പുതുമഴയുടെ മണം.

No comments: