For All Elephant Lovers....

Thursday, February 23, 2012

ആനകളുടെ അനാഥാലയം




ഈ യാത്ര ആനകളെ കാണാനുള്ളതാണ്. വെറും ആനകളെയല്ല. കാടിന്റെ ചൂരും തണുപ്പുമുള്ള കാട്ടാനകളെ. മനുഷ്യര്‍ക്ക് മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ പ്രതീകമെന്ന് ലോകം വാഴ്ത്തിപ്പാടുന്ന ശ്രീലങ്കയിലെ പിന്നാവാലയിലുളള ആനകളുടെ അനാഥാലയമാണ് ലക്ഷ്യം. സിംഹഭൂമിയിലെ ഗജകേസരികളെ പരിചയപ്പെടാനുള്ള കൊതിയുമായി കൊളംബോയിലെ ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഷുപ്പുലരിയിചെന്നിറങ്ങിയ നിമിഷം മുതല്‍ ചുറ്റുംകേട്ടത് പുതുവര്‍ഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പുകളാണ്. പത്തുദിവസം വീണുകിട്ടിയ അവധി പുതുവര്‍ഷത്തോടൊപ്പം ആഘോഷിക്കുകയാണ് ലങ്കന്‍ ജനത.

ശ്രീലങ്കയിലേക്കൊരു യാത്ര തരപ്പെട്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്ന ആഗ്രഹം ഏറെ വായിച്ചറിഞ്ഞ ആനകളുടെ അനാഥാലയം ഒന്നു കാണണമെന്നതായിരുന്നു. ആനയെക്കാണാന്‍ ശ്രീലങ്കയില്‍ പോകണോ എന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പരിചയപ്പെട്ട തമിഴ്കുടുംബത്തിലെ ഇളയ സന്തതി മുറി ഇംഗ്ലീഷില്‍ സംശയം ചോദിച്ചപ്പോള്‍ മുതല്‍ യാത്രയുടെ പ്രധാനലക്ഷ്യത്തെപ്പറ്റി മനസ്സില്‍ ചെറിയ സംശയം രൂപപ്പെട്ടിരുന്നു എന്നത് വേറെ സത്യം.

ആനത്താവളം എന്നുകേട്ടാല്‍ കൂട്ടിയിട്ട പട്ടകള്‍ക്കും ആനപിണ്ഡത്തിന്റെ ചൂരിനുമിടയില്‍ ചങ്ങലയ്ക്കിട്ട ആനകളാണ് മനസ്സില്‍ ഓടിയെത്തുക. ചങ്ങലക്കിലുക്കത്തിന്റെ അകമ്പടിയില്ലാതെ ആനയെക്കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ കുറവ്. ഇന്ത്യയിലെ വൈല്‍ഡ് ലൈഫ് സാങ്ച്വറികളില്‍ ആനകളെ ചങ്ങലയില്ലാതെ കാണാം എന്നത് വാസ്തവം. പക്ഷേ അപ്പോള്‍ മനുഷ്യര്‍ക്ക് നിശ്ചിത ദൂരപരിധിയുണ്ട്. ഒന്നെങ്കില്‍ അടച്ചുപൂട്ടിയ വാഹനങ്ങളില്‍ നിന്ന് അല്പം ദൂരെ ആനക്കൂട്ടം ചുറ്റിത്തിരിയുന്നതു കാണാം. ഇല്ലെങ്കില്‍ ചങ്ങലയിട്ട് പൂട്ടിയ താപ്പാനയുടെ പുറത്തേറി കാടുകയറണം.

രാവിലെ ആറരയ്ക്കുതന്നെ റിസോര്‍ട്ടില്‍നിന്നിറങ്ങി. ഡ്രൈവര്‍ കോട്ടാവാല കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നെഗുംബോയില്‍ നിന്ന് 69 കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയുലടനീളം കണ്ണെത്താദൂരം തെങ്ങിന്‍തോപ്പുകള്‍. ചങ്ങമ്പുഴക്കവിതകളിലെ ഗ്രാമഭംഗിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതി. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന്റെ നിഴലുകള്‍ അവിടെയൊന്നും കണ്ടില്ല. വിനോദസഞ്ചാരത്തിന് ശ്രീലങ്കന്‍ ജനത കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വാഹനം പിന്നാവാലയിലെത്തി.

വലിയ കവാടത്തിലൂടെ അകത്തുകയറി ടിക്കറ്റെടുത്തു. ഉള്ളില്‍ ഒരാനെയെപ്പോലും കണ്ടെത്താനായില്ല. രാവിലെ 10 മണിയായിരിക്കുന്നു. ആനകള്‍ കുളിക്കുന്ന സമയമാണ്. 'മാ ഓയ' നദിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിക്കാനെത്തുമെന്ന് ഓര്‍ഫനേജിലെ ജോലിക്കാരന്‍ പറഞ്ഞറിഞ്ഞു. ആനയുടെ കുളി നാട്ടില്‍ കാണാത്തതാണോ എന്ന പരിഹാസത്തോടെ പുഴക്കരയിലെത്തിയപ്പോള്‍ ആകെ പകച്ചുപോയി. പുഴനിറയെ ഇളകുന്ന കരിമ്പാറക്കൂട്ടങ്ങള്‍.. തിരിഞ്ഞുനോക്കുമ്പോള്‍ ചുറ്റും നിന്നവരുടെയെല്ലാം കണ്ണില്‍ ആ വിസ്മയം കാണുന്നുണ്ടായിരുന്നു. തുമ്പിക്കൈയും മുറംപോലത്തെ ചെവിയും വീശി ഒന്നും രണ്ടുമല്ല... നൂറിലധികം വരുന്ന ആനക്കൂട്ടം പുഴയില്‍ മദിച്ചുകുളിക്കുന്നു. പുഴക്കരയില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക പവലിയനുകളുണ്ട്. സ്‌നാക്കുകളും ലഘുപാനീയങ്ങളും വാങ്ങി ആനക്കുളി റിലാക്‌സ് ചെയ്ത് കണ്ടാസ്വദിക്കുകയാണ് വിദേശികളുടെ പട. കരയില്‍ നില്‍ക്കുന്നവരുടെ അടുത്തേക്ക് ചിരപരിചിതരെപ്പോലെ തുമ്പിക്കൈയുമുയര്‍ത്തി കരിങ്കുട്ടികളില്‍ ചിലര്‍ കയറിവരും. പലരും കൈയില്‍ കരുതിയ പഴം നല്‍കും.ആനകള്‍ക്ക് കൊടുക്കാനുള്ള പഴവുമായി ഓടി നടക്കുന്ന തെരുവുകച്ചവടക്കാരുടെ വ്യാപാരവും പൊടിപൊടിക്കുന്നുണ്ട്.


MORE >