For All Elephant Lovers....

Tuesday, February 23, 2010

6.പ്രത്യുത്പാദനം, ആനക്കുട്ടികള്‍, ആനക്കുട്ടി പരിപാലനം

പ്രത്യുത്പാദനം





പിടിയാനകള്‍ (പെണ്ണാനകള്‍) ഒന്‍പതു വയസിനും പന്ത്രണ്ടു വയസ്സിനുമിടയില്‍ പൂര്‍ണലൈംഗികവളര്‍ച്ച പ്രാപിക്കുന്നു. സാധാരണയായി പതിമൂന്നാം വയസ്സില്‍ ആദ്യത്തെ ഗര്‍ഭം ധരിക്കന്ന ആനയ്ക്ക് അന്‍പത്തിഅഞ്ച് മുതല്‍ അറുപത് വയസ്സ് വരെ പ്രസവിക്കാനുള്ള ശേഷിയുണ്ടാകും. ഓരോ അഞ്ചു വര്‍ഷത്തിലും പിടിയാനകള്‍ ഗര്‍ഭം ധരിക്കാറുണ്ട്. ഗര്‍ഭകാലം ആനയുടേതാണ് (630-660 ദിനങ്ങള്‍). ഒരു പ്രസവത്തില്‍ ഒരാനക്കുട്ടിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇരട്ടക്കുട്ടികള്‍ വളരെ അപൂര്‍വമാണ്. പ്രസവം അഞ്ച് മിനുട്ട് മുതല്‍ അറുപത് മണിക്കൂര്‍ വരെ നീണ്ടേക്കാം. ശരാശരി സമയം പതിനൊന്ന് മണിക്കൂറാണ്. ജനിക്കുമ്പോള്‍ ആനക്കുട്ടികള്‍ക്ക് 90–115 കിലോഗ്രാം ഭാരമുണ്ടാകും. കുട്ടിയാ‍നകള്‍ക്ക് ഓരോ ദിവസവും ഓരോ കിലോ (2–2.5 പൗണ്ട്)ഭാരം വര്‍ദ്ധിക്കും. വനങ്ങളില്‍ ജനിക്കുന്ന ആനക്കുട്ടികളെ സംരക്ഷിക്കാന്‍ കൂട്ടത്തിലെ മുതിര്‍ന്ന പിടിയാനകളും കൂടും. കുട്ടിയാനകളെ ജനനം മുതല്‍ വളര്‍ത്തുന്നത് കുടുംബത്തിലെ മുഴുവന്‍ പിടിയാനകളും ചേര്‍ന്നാണ്.

മാതൃത്വവും ശിശുപരിപാലനവും



ജനിച്ചയുടനെ കുട്ടിയാന ഉണ്ടാക്കുന്ന ആദ്യ ശബ്ദം തുമ്മല്‍ അഥവാ മൂക്ക് ചീറ്റല്‍ എന്ന തരത്തിലുള്ളതാണ്, ഇത് ആനയുടെ തുമ്പിക്കൈയിലുള്ള ദ്രാവകങ്ങള്‍ കളയുവാനാണ്. (നാട്ടാനകളില്‍ ജനിക്കുന്ന കുട്ടികള്‍ ജനിച്ചയുടനെയുള്ള, അതിനെ പരിപാലിക്കുന്നവര്‍ ഒന്ന് രണ്ട് മിനുറ്റുകളില്‍ തന്നെ ഇങ്ങനെ ഏതെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം ഉണ്ടാക്കുന്ന ശബ്ദം എങ്ങനെ ഉള്ളതായാലും, അതിനോട് അതിന്റെ അമ്മയാന വളരെ ഉത്സാഹത്തോടും അദ്ഭുതത്തോടും കൂടി പ്രതികരിക്കും.)
ജനിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയാന അമ്മയാനയുടെ സഹായത്തോട് കൂടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകും. ഒരു താങ്ങിനായി കുട്ടിയാന അമ്മയോട് ചേര്‍ന്ന് തന്നെ നില്‍ക്കും.
ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയാന പരസഹായമില്ലാതെ നില്‍ക്കാന്‍ പ്രാപ്തനാകും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയുടെ പിറകേ, പതുക്കെ സഞ്ചരിക്കുന്ന ആനക്കൂട്ടത്തില്‍ ചേര്‍ന്ന് നടക്കാനാകും.
മറ്റ് സസ്തനികളില്‍ നിന്ന് വിഭിന്നമായി, ആനകള്‍ക്ക് ഒരു ജോഡി സ്തനങ്ങള്‍ ആണുണ്ടാകുക. മുന്‍‌കാലുകളുടെ ഇടയിലാണ് ഇവയുടെ സ്ഥാ‍നം. ജനിച്ചയുടനെ ആനക്കുട്ടിക്ക് മൂന്നടിയോളം(തൊണ്ണൂറ് സെന്റീമീറ്റര്‍) ഉയരം ഉണ്ടാകും. അമ്മയുടെ മുലക്കണ്ണുകളില്‍ എത്താന്‍ ഈ ഉയരം മതിയാകും.
കുട്ടിയാന വായ കൊണ്ടാണ് മുല കുടിക്കുക, തുമ്പിക്കൈ കൊണ്ടല്ല, തുമ്പിക്കൈയിലെ മസ്സിലുകള്‍ ഉറയ്ക്കാത്തതിനാലാണ് ഇത്. മുലകുടിക്കുമ്പോള്‍, കുടിക്കാന്‍ എളുപ്പത്തിനായി സ്വന്തം തുമ്പിക്കൈ നെറ്റിയില്‍ വച്ച് വായുടെ മുന്നിലെ പ്രതിബന്ധം ഒഴിവാക്കും.
കുട്ടിയാനകള്‍ കുറച്ച് മിനുറ്റുകള്‍ മാത്രമേ തുടര്‍ച്ചയായി മുലകുടിക്കുകയുള്ളൂ. എന്നാല്‍ ഇങ്ങനെ ദിവസത്തില്‍ പല തവണ കുട്ടിയാന മുലകുടിക്കും. ഒരു ദിവസം പതിനൊന്ന് ലിറ്റര്‍ (3 ഗാലന്‍) പാല്‍ വരെ കുടിക്കും.
രണ്ടു വര്‍ഷത്തേക്കോ അതിനും മുകളിലേക്കോ ഈ മുലകുടി തുടരും. അമ്മ ആന മുലയൂട്ടല്‍ നിര്‍ത്തുക പാലിന്റെ അളവ് കുറയുമ്പോഴോ കൂട്ടത്തില്‍ മറ്റ് കുട്ടിയാനകള്‍ വരുമ്പോഴോ ആയിരിക്കും.
കുട്ടിയാനകള്‍ മുതിര്‍ന്നവരെ കണ്ടു പഠിക്കുകയാണു ചെയ്യുക.ജന്മവാസന ആനകള്‍ക്ക് കുറവായിരിക്കും. ഉദാഹരണത്തിന്, സ്വന്തം തുമ്പിക്കൈ ആന ഉപയോഗിക്കാന്‍ പഠിക്കുന്നത് മുതിര്‍ന്ന ആനകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടാണ്.
തുമ്പിക്കൈ വരുതിയിലാക്കുന്ന വിദ്യ പഠിക്കാന്‍ ആനകള്‍ മാസങ്ങള്‍ എടുക്കും. ആന തലകുലുക്കുമ്പോള്‍ തുമ്പൈക്കൈ അനങ്ങുന്നത് ശ്രദ്ധിച്ചാല്‍ ആന തുമ്പികൈ ഉപയോഗിക്കാന്‍ പഠിച്ചോ എന്ന് മനസ്സിലാക്കാം. തുമ്പിക്കൈയിലെ മസ്സിലുകള്‍ ഉറച്ചില്ലെങ്കില്‍ ആന തലയാട്ടുമ്പോള്‍, തുമ്പൈക്കൈ തൂക്കിയിട്ട വസ്ത്രം കാറ്റത്താടുന്നത് പോലെ ആടും.

കുട്ടിയാനകള്‍




കുട്ടികളെ മുലയൂട്ടുന്നതും വളര്‍ത്തുന്നതുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു ആനകളുടെ സാമൂഹികജീവിതം. പതിമൂന്ന് വയസ്സാകുന്നതോട് കൂടി പിടിയാനകള്‍ ശാരീരികമായി ബന്ധപ്പെടാന്‍ തയ്യാറാവുകയും, ആകര്‍ഷണീയമായ ഒരു കൊമ്പനാനയെ തിരയുകയും ചെയ്യും. പിടിയാനകള്‍ ആരോഗ്യം കൂടിയതും, വലിപ്പം കൂടിയതും, അതിലുമുപരി പ്രായം കൂടിയതുമായ കൊമ്പനാനകളുമായാണ് ഇണചേരാന്‍ ഇഷ്ടപ്പെടുക. ഇത് സ്വന്തം കുട്ടി, കൂടുതല്‍ കാലം ജീവിക്കാനുള്ള സാധ്യത‍ കൂട്ടുമെന്ന് ആനകള്‍ കരുതുന്നു.
ഇരുപത്തി രണ്ട് മാസത്തെ ഗര്‍ഭകാലത്തിനു ശേഷം, പിടിയാന ഇരുന്നൂറ്റി അന്‍പത് പൗണ്ട് ഭാരവും രണ്ടര അടി ഉയരവും ഉള്ള ആനക്കുട്ടിയെ പ്രസവിക്കും. ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്. ഈ കുട്ടിക്കാലം കഴിഞ്ഞും ജീവിക്കാനുള്ള സാധ്യത ആനകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍, അവര്‍ക്ക് അവര്‍ പഠിക്കേണ്ട കാര്യങ്ങള്‍ പഠിക്കാന്‍ മുതിര്‍ന്നവരെ ആശ്രയിച്ചേ മതിയാകൂ. മുതിര്‍ന്നവരുടെ അറിവും വിവരവും കൈമാറി കിട്ടുന്നത് ആനയുടെ അതിജീവനത്തിന് സഹായകരമാകുന്നു. ഇന്ന് മനുഷ്യര്‍ വനം കയ്യേറ്റവും, ആനകളുടെ ആവാസവ്യവസ്ഥതകള്‍ ഇല്ലായ്മ ചെയ്യുന്നതും കാരണം ആനകള്‍ ചെറുപ്പത്തിലേ കൊല്ലപ്പെടുന്നതിനാല്‍ കുട്ടിയാനകള്‍ക്ക് ലഭിക്കേണ്ട മേല്‍പ്പറഞ്ഞ പഠനം കിട്ടാതാവുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്.
കുട്ടിയാനകളെ പരിപാലിക്കാന്‍ ആനക്കുടുംബത്തിലെ എല്ലാ പിടിയാനകളും ഒത്ത് ചേരും. ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാല്‍ ആനയെ പരിപാലിക്കാന്‍ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല. പൊതുവേ പറഞ്ഞാല്‍, പുതുതായി വന്ന അംഗം ഈ കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ജനിച്ചയുടെനെ മുതിര്‍ന്ന ആനകള്‍ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തങ്ങളുടെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും സ്നേഹമറിയിക്കും. ജനിച്ചയുടെനേയുള്ള കുട്ടിയാനകള്‍ക്ക് കണ്ണ് കാണില്ലെന്നതിനാല്‍ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ഈ ആന മനസ്സിലാക്കുക.

വളര്‍ത്തമ്മമാര്‍





കുട്ടി ജനിച്ച് കുറേക്കാലത്തിന് ശേഷം അമ്മയ്ക്ക് കുട്ടിയെ പരിപാലിക്കാനുള്ള താത്പര്യം കുറഞ്ഞ് വരികയും, കുട്ടികളെ മുഴുവന്‍ സമയം പരിപാലിക്കാനായി കൂട്ടത്തിലെ മറ്റ്ചില ആനകളെ ചുമതലപ്പെടുത്തുകയും ചെയ്യും. സിന്തിയ മോസ് എന്ന പ്രശസ്തയായ ഗവേഷക പറയുന്നത് ഈ വളര്‍ത്തമ്മമാര്‍ ആനക്കുട്ടിപരിപാലനത്തിന്റെ എല്ലാ വശങ്ങളിലും സഹായിക്കും എന്നാണ് അവലംബം ആവശ്യമാണ് ആനക്കൂട്ടം സഞ്ചരിക്കുമ്പോള്‍‍, ഇവര്‍ ഈ കുട്ടിയാനയുടെ കൂടെ നടന്ന്, ഈ ആനകള്‍ എവിടെയെങ്കിലും കുടുങ്ങിയാലോ ചളിയില്‍ പൂണ്ട് പോയാലോ അവയെ സഹായിക്കും. എത്ര വളര്‍ത്തമ്മമാര്‍ ഈ കുട്ടിക്ക് ഉണ്ടാകുന്നുവോ അത്രകണ്ട് അധികസമയം അമ്മയ്ക്ക് ഭക്ഷണം തേടാന്‍ കൂടുതലായി കിട്ടും. കുട്ടിക്ക് പാല്‍ കൊടുക്കുവാനായി ആനകള്‍ ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ എത്ര കൂടുതല്‍ വളര്‍ത്തമ്മമാരുണ്ടോ അത്ര കൂടുതലായിരിക്കും ഈ കുട്ടിയാന ജീവിക്കാനുള്ള സാധ്യതകള്‍.


മദപ്പാട്




മുതിര്‍ന്ന കൊമ്പനാനകള്‍ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു. വളരെ ഉത്തേജിതമായ അല്ലെങ്കില്‍ ദേഷ്യം പിടിച്ച മട്ടിലുള്ള പെരുമാറ്റവും തലയുടെ വശത്തുള്ള ഗ്രന്ധിയില്‍ നിന്ന് വരുന്ന കട്ടിയുള്ള ടാര്‍ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കുമാണ് മദപ്പാടിന്റെ ലക്ഷണങ്ങള്‍. ലൈംഗികമായ ഉത്തേജനവും തന്റെ മേല്‍ക്കോയ്മ തെളിയിക്കാനുമുള്ള ശ്രമവും ആണ് ഈ മദപ്പാട് ഉണ്ടാകാനുള്ള കാരണം. അവലംബം ആവശ്യമാണ് മദമിളകിയ ആന, നാട്ടാനയായാലും കാട്ടാനയായാലും മനുഷ്യര്‍ക്ക് വളരെ അപകടകാരിയാണ്. ഇന്ത്യയില്‍ മദപ്പാടുള്ള സമയത്ത് നാട്ടാനകളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം കെട്ടിയിടും. കുറേ കഴിയുമ്പോള്‍ മദപ്പാട് നില്‍ക്കും.
മദപ്പാട് സമയത്ത് ആനകളില്‍ പ്രത്യുത്പാദന ഹോര്‍മോണുകള്‍ വളരെയധികം ഉണ്ടാകുന്നു. ടെസ്റ്റ്രോസ്റ്റെറോണ്‍ നില എന്നറിയപ്പെടുന്ന ഈ സമയത്ത് സാധാരണ ആനകള്‍ക്കുണ്ടാകുന്നതിനേക്കാളും അറുപത് ഇരട്ടി ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. എങ്കിലും ഈ ഹോര്‍മോണുകള്‍ കൂടുന്നതാണോ മദപ്പാടുണ്ടാക്കുന്ന ഒരേയൊരു കാരണം എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് പഠിക്കാനുള്ള ശ്രമങ്ങള്‍ ഈ സമയത്ത് ആനകള്‍ വളരെ അപകടകാരികളാണെന്നതും മനുഷ്യരെ കൊന്നൊടുക്കാന്‍ സാധ്യത വളരെക്കൂടുതല്‍ ആണെന്നതും കാരണം ഫലവത്താവാറില്ല. അതുപോലെ മദഗ്രന്ധിപൊട്ടിയൊലിക്കുന്ന ദ്രാവകത്തില്‍ എന്താണുള്ളതെന്നും ഇതു വരെ കണ്ട് പിടിക്കപ്പെട്ടിട്ടില്ല, അതിനെപ്പറ്റി പഠിക്കാന്‍ അത് ശേഖരിക്കുക എളുപ്പമല്ല.
പിടിയാനകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഒരു സമയത്ത് വരണമെന്നില്ല എന്നതിനാല്‍ മദം ലൈംഗികത്വര മൂലം ഉണ്ടാകുന്നതാണെന്നും വിശ്വസിക്കുക വയ്യ. കൂടാതെ മദമിളകിയ കൊമ്പനാനകള്‍ പിടിയാനകള്‍ക്ക് ഇണചേരാനുള്ള സമയമാണോ അല്ലയോ എന്ന് നോക്കാതെ തന്നെ അവരെ ആക്രമിക്കാറുണ്ട്.
ഇംഗ്ലീഷില്‍ മദപ്പാടിന് ‘മസ്ത്’ എന്നാണ് പറയുക. ഉറുദു വിലെ ‘മസ്റ്റ്’ എന്ന വാക്കില്‍ നിന്ന് (‘മത്ത് പിടിച്ച’എന്നര്‍ത്ഥമുള്ള ഒരു പേര്‍ഷ്യന്‍ വാക്കില്‍ നിന്ന്) ഹിന്ദിയില്‍ എത്തിയ മസ്ത് എന്ന് വാക്കാണിതിന്റെ ഉത്ഭവം.
ചാനല്‍ 5 എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരിപാടി "The Dark Side of Elephants" (മാര്‍ച്ച് 20, 2006) ഇങ്ങനെ പറയുകയുണ്ടായി.
മദഗ്രന്ധികള്‍ നീരു വച്ച് വീര്‍ക്കുന്നത് കാരണം ആ ഗ്രന്ധി ആനയുടെ കണ്ണുകളില്‍ സമ്മര്‍ദം ഉണ്ടാക്കുകയും അത് ആനയ്ക്ക് കഠിനമായ പല്ലുവേദന പോലത്തെ വല്ലാത്ത വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന കാരണം ആനകള്‍ തങ്ങളുടെ കൊമ്പുകള്‍ മണ്ണില്‍ കുത്തിയിറക്കാന്‍ ശ്രമിക്കും.
മദം പൊട്ടിയൊലിക്കുന്ന നീരില്‍ കെറ്റോണും ആല്‍ഡെഹൈഡും ആണ് മുഖ്യമായും ഉണ്ടാകുക. ഇതിന് വളരെ മോശമായ കയ്പ്പ് രുചിയാണുള്ളത്.

No comments: